തൃശ്ശൂര്‍: പെങ്ങളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ സാധിക്കാത്ത നിരാശയില്‍ സഹോദരന്‍ ആത്മഹത്യ ചെയ്ത സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ സഹോദരനെ നഷ്ടപ്പെട്ട വിദ്യക്ക് സഹായപ്രവാഹമാണ്. നിരവധി ആളുകളും സംഘടനകളും ജൂവലറികളുമാണ് സഹായവുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്.
വിപിന്‍റെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്ന ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയ തൃശ്ശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ, ഒന്നര ലക്ഷം രൂപ വിവാഹസമയത്തും നല്‍കും. ട്രസ്റ്റ് ഭാരവാഹികള്‍ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്.
ലയണ്‍സ് ക്ലബ്ബ് കമ്യൂണിറ്റി മാര്യേജ് പദ്ധതിയുടെ ഭാഗമായി വിദ്യയുടെ വിവാഹത്തിന്‍റെ തലേന്ന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് ലയണ്‍സ് തൃശ്ശൂര്‍ കാബിനറ്റ് സെക്രട്ടറി എ. ആര്‍. രാമകൃഷ്ണന്‍ അറിയിച്ചു.
വിദ്യയുടെ വിവാഹച്ചെലവുകള്‍ പൂര്‍ണമായി വഹിക്കാന്‍ തയ്യാറാണെന്നും കടബാധ്യതകളുണ്ടെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും സമര്‍പ്പണ സാംസ്‌കാരികസമിതി അറിയിച്ചു.
കൂടാതെ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വിദ്യയുടെ വിവാഹത്തിനായി മൂന്നുപവന്‍ സ്വര്‍ണവും തിരുവനന്തപുരത്തെ ഭീമാ ഗോള്‍ഡിന്‍റെ ചെയര്‍മാന്‍ ഭീമാ ഗോവിന്ദന്‍ ഒരു പവന്‍ സ്വര്‍ണവും നല്‍കും.
തിങ്കളാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. തിങ്കളാഴ്ച, വിവാഹത്തിന് മുന്നോടിയായി ഫോട്ടോയെടുക്കാന്‍ വരണമെന്ന് പ്രതിശ്രുത വരന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്ത ശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച് വിപിന്‍ ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞ് കയ്പമംഗലത്തെ വീട്ടിലേക്കുപോകുകയായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും വിപിന്‍ എത്താത്തതിനെത്തുടര്‍ന്ന് അമ്മ ബേബിയും സാഹോദരി വിദ്യയും വിപിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുത്തില്ല. അവര്‍, തിരികെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും വിപിന്‍ ആത്മഹത്യ ചെയ്‌തെന്ന വിവരമാണ് കിട്ടിയത്.
എന്നാല്‍, പണം മോഹിച്ചല്ല താന്‍ വിദ്യയെ ഇഷ്ടപ്പെട്ടത് എന്ന് നിധിന്‍ വ്യക്തമാക്കി. വിദ്യക്ക് എല്ലാമായി ഇനി താനുണ്ട് എന്നും നിധിന്‍ പറഞ്ഞു.
രണ്ടരവര്‍ഷമായി നിധിനും വിപിന്‍റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്. സ്വത്തും പണവും (സ്ത്രീധനം) വേണ്ടെന്ന് നിധിന്‍റെ വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്‍റെ തീരുമാനം. അതിനായി പണത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു വിപിന്‍... ഈ വിവരം നിധിന്‍റെ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് നിധിന്‍റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...