തൃശൂരിൽ വീണ്ടും ഭൂചലനം. നേരത്തെ ഭൂചലനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ മേഖലയിൽ തന്നെയാണ് ഇന്ന് ജൂലൈ ഒമ്പതിന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഭൂമിക്കടിയില്‍ നിന്നും ഉണ്ടായ മുഴക്കം രണ്ട് സെക്കൻഡ് മാത്രമാണ് നീണ്ടു നിന്നത്. ഭൂമിക്കടിയിൽ നിന്ന് വലിയ പ്രകമ്പനം കേട്ടതായിയാട്ടാണ് നാട്ടുകാർ പറയുന്നത്.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെടുന്നത്. അതേസമയം ഭൂചലനം റിക്ടർ സ്കെയിൽ രേഖപ്പെടുത്തിയില്ല. മൂന്നിൽ താഴെ തീവ്രതയുള്ള ഭൂചലനങ്ങൾ റിക്ടർസ്കെയിൽ രേഖപ്പെടുത്തില്ല. അതിനാൽ ഈ പ്രകമ്പനങ്ങൾ ഭൂചലനമായി പരിഗണിക്കാറില്ല എന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ബുധനാഴ്ച രാവിലെയും വൈകിട്ടും തൃക്കൂര്‍ മേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.
ALSO READ : Kerala Weather Update: വീണ്ടും മഴ മുന്നയിപ്പ്; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു. പിന്നീട് രാത്രി 11.29നായിരുന്നു രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായിരുന്നു രാത്രിയിലെ ഭൂചലനം. ഇതാകട്ടെ അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളിലും ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും അനുഭവപ്പെട്ടു.
ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതായി അന്നും പ്രദേശവാസികൾ പറഞ്ഞു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ചലനം അറിഞ്ഞത്. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്തതിനാല്‍ അത് ഭൂചലനമല്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും തുടർച്ചയായ പ്രകമ്പനങ്ങളില്‍ ആശങ്കയിലും ഭീതിയിലുമാണ് പ്രദേശവാസികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...