Kerala Basketball: എഐ ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകൾ; അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബാസ്കറ്റ് ബോൾ

Kerala Basketball Association: കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും സ്വകാര്യ സംരംഭമായ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സും 12 വർഷത്തെ സഹകരണത്തിന് ധാരണയായി.

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 08:38 PM IST
  • മീരാൻ സ്പോർട്സുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക.
  • സ്കൂൾ തലം മുതൽ പരിശീലന പദ്ധതികൾ നടപ്പിലാക്കുകയാണ് ആദ്യ പടി.
  • എസ് 5 ഗ്രാസ്‌റൂട്ട്‌സിൻ്റെ ഔപചാരികമായ സമാരംഭവും ചടങ്ങിൽ നടന്നു.
Kerala Basketball: എഐ ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകൾ; അടിമുടി മാറ്റത്തിനൊരുങ്ങി കേരള ബാസ്കറ്റ് ബോൾ

കൊച്ചി: നിർമിത ബുദ്ധിയടക്കമുള്ള നവീനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തെ ബാസ്കറ്റ്ബോളിനെ നവീകരിക്കാൻ ഒരുങ്ങി കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും സ്വകാര്യ സംരംഭമായ സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സും. കേരളത്തിൽ ബാസ്കറ്റ്ബോളിന് വ്യാപകമായ പ്രചാരണവും അടിസ്ഥാന സൗകര്യ വികസനവും  ലക്ഷ്യമിട്ട് സ്കൂൾ തലം മുതൽ പരിശീലന പദ്ധതികൾ നടപ്പിലാക്കുകയാണ് ആദ്യ പടി. ഇതിന്റെ ഭാഗമായി കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനും സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള 12 വർഷത്തെ സഹകരണത്തിന് ധാരണയായി. മീരാൻ സ്പോർട്സുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക 

സ്റ്റാർട്ടിംഗ് ഫൈവിന്റെ ലോഗോ പ്രകാശനം സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ വിജു ജേക്കബ് കൊച്ചിയിൽ വില്ലിംഗ്‌ഡൺ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ  പ്രകാശനം ചെയ്തു. കേരളത്തിലെ ബാസ്കറ്റ്ബോളിന് പ്രചാരണം നൽകുന്നതിനും അതിന്റെ താഴെക്കിടയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും സംസ്ഥാനത്തെ സ്‌കൂൾ തലത്തിൽ (9 മുതൽ 13 വയസ്സുവരെയുള്ളവർ) പ്രതിഭകളെ വളർത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള എസ് 5 ഗ്രാസ്‌റൂട്ട്‌സിൻ്റെ ഔപചാരികമായ സമാരംഭവും ചടങ്ങിൽ നടന്നു.

ALSO READ: മൂന്നാം റാങ്കുകാരെ അട്ടിമറിച്ച് 48-ാം റാങ്കുകാര്‍! രണ്ടാം റാങ്കുകാരെ വിറപ്പിച്ച് 25-ാം റാങ്കുകാര്‍!!! യൂറോ ആവേശം ഇങ്ങനെ...

സഹകരണത്തിന്റെ ഭാഗമായി ആദ്യ വർഷം നടപ്പിലാക്കുന്ന S5 ചലഞ്ചും S5 3on3 എന്നി രണ്ടു പ്രോജക്‌റ്റുകളും ബാസ്കറ്റ്ബോളിന് കൂടുതൽ സ്വീകാര്യത സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. ലോകത്താകമാനം കായികമേഖലയിൽ വന്നു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുക വഴി കേരളത്തിലെ ബാസ്കറ്റ്ബോൾ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമം കൂടിയാണ് ഈ പദ്ധതികൾ. 

കേരളത്തിലെ എല്ലാ ജില്ലകളിലെയും ബാസ്‌ക്കറ്റ്‌ബോൾ രംഗത്തെ  സജീവമായി പ്രോത്സാഹിപ്പിക്കുന്ന കേരള ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ്റെ (കെബിഎ) പിന്തുണയോടെയാണ് മുഴുവൻ സംരംഭവും നടപ്പാക്കുന്നതെന്ന് സ്റ്റാർട്ടിംഗ് ഫൈവിൻ്റെ ഡയറക്ടർ ജേക്കബ് പുരക്കൽ ചടങ്ങിൽ പറഞ്ഞു. ചിട്ടയായതും നൂതനവുമായ നിരവധി സംരംഭങ്ങളിലൂടെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുത്ത് ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോളിൽ കേരളത്തിന്റെ  പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

കേരളത്തിലെ ബാസ്കറ്റ്ബോളിനെ പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഒരു സ്വകാര്യ പങ്കാളിക്കൊപ്പം കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും കൈകോർക്കുന്നത് ഇന്ത്യയിൽ ആദ്യമാണെന്നും ഇതൊരു മികച്ച മാതൃകയാണെന്നും  വരും വർഷങ്ങളിൽ മറ്റുള്ള സംസ്ഥാനങ്ങളിലെ അസ്സോസിയേഷനുകളും  ഇത് പിന്തുടരാൻ ശ്രമിക്കണമെന്ന് ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ആധവ് അർജുൻ പറഞ്ഞു. യുഎസിൽ നിന്ന് തത്സമയം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുതിയ സാങ്കേതിക വിദ്യകളും നൂതന സമ്പ്രദായങ്ങളും ബാസ്കെറ്റ്‌ബോളിനെ നവീകരിക്കാൻ ഉപയോഗിക്കേണ്ട സമയമാണിതെന്ന് സ്റ്റാർട്ടിംഗ് ഫൈവ് പ്രമോട്ടർമാരിൽ ഒരാളായ ജോസഫ് സി ജോസഫ് പറഞ്ഞു. ഇത്തരത്തിൽ നവസാങ്കേതിക വിദ്യയുടെ ഉപയോഗം ബാസ്കറ്റ്ബോലിന്റെ വ്യത്യസ്ത തലങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാസ്കറ്റ്ബോൾ അസ്സോസിയേഷനുമായുള്ള സഹകരണം വഴി ആദ്യ മൂന്ന് വർഷങ്ങൾക് കൊണ്ട് തന്നെ കളിക്കാരുടെ ടാലൻ്റ് പൂളിൽ 300% വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

സ്റ്റാർട്ടിംഗ് ഫൈവിന്റെ വെബ്സൈറ്റ് പ്രകാശനം  ചലച്ചിത്ര സംവിധായകൻ സിബി മലയിൽ നിർവഹിച്ചു. കേരള ബാസ്കെറ്റ്ബോളിലെ കഴിഞ്ഞ നാല് ദശാബ്ദങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച നൂറോളം കളിക്കാർ ഉൾപ്പെടെ 200-ലധികം ബാസ്‌ക്കറ്റ്‌ബോൾ പ്രേമികൾ ചടങ്ങിൽ പങ്കെടുത്തു. 

തോമസ് ജോർജ് മുത്തൂറ്റ് (ഡയറക്ടർ, മുത്തൂറ്റ് ഫിൻകോർപ്പ്), നവാസ് മീരാൻ (ചെയർമാൻ, ഗ്രൂപ്പ് മീരാൻ), ഫിറോസ് മീരാൻ (മീരൻസ് സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ), കെബിഎ പ്രസിഡൻ്റ് മനോഹര കുമാർ, ആജീവനാന്ത കെബിഎ പ്രസിഡൻ്റ് പി ജെ സണ്ണി, മുൻ സെക്രട്ടറി ഡോ എം എം ചാക്കോ, കെബിഎ സെക്രട്ടറി സി ശശിധരൻ, മുൻ ഇൻ്റർനാഷണൽ മുഹമ്മദ് ഇഖ്ബാൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സി വി സണ്ണി, റീജിയണൽ സ്പോർട്സ് സെൻ്റർ എക്സിക്യൂട്ടീവ് സെക്രട്ടറി എസ് എ എസ് നവാസ്, കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ അനിൽ കുമാർ, സ്റ്റാർട്ടിങ് ഫൈവ്  ഡയറക്ടർ അജികുമാർ നായർ, ടീം റീബൗണ്ട് സെക്രട്ടറി കെ എ സലീം, കോശി എബ്രഹാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News