നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി വിദ്യാ ബാലൻ. ദേശീയ അവാർഡും പത്മശ്രീ പുരസ്കാരവും നേടിയിട്ടുള്ള വിദ്യാ ബാലൻ വളരെ സെലക്ടീവായ നടിയാണ്. തന്റെ ബോൾഡ് ക്യാരക്ടറുകളിലൂടെ പ്രേക്ഷപ്രീതി നേടിയ താരമാണ് വിദ്യാ ബാലൻ.
കേരളത്തിലെ പാലക്കാട് ജില്ലയിൽ വേരുകളുള്ള മുംബൈയിൽ താമസമാക്കിയ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് വിദ്യാ ബാലൻ ജനിച്ചത്. പി ആർ ബാലന്റെയും സരസ്വതിയുടെയും രണ്ടാമത്തെ മകൾ. പ്രിയ ബാലനാണ് വിദ്യാ ബാലന്റെ സഹോദരി. നടി പ്രിയാ മണിയുടെ കസിനും ആണ് വിദ്യാ ബാലൻ.
തന്റെ പതിനാറാം വയസ്സിൽ ഏക്താ കപൂറിന്റെ പ്രശസ്തമായ ഹം പാഞ്ച് എന്ന ഷോയിലൂടെയാണ് വിദ്യാ ബാലൻ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഷോയിൽ രാധിക എന്ന കൗമാരക്കാരിയായാണ് വിദ്യാ ബാലൻ അഭിനയിച്ചത്. സിനിമകളിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളതിനാൽ വിദ്യാ ബാലൻ ടെലിവിഷൻ പരിപാടികൾ ഉപേക്ഷിച്ച് സിനിമാ മേഖലയിലേക്ക് കടന്നു.
മുംബൈ സർവ്വകലാശാലയിൽ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനിടെ മോഹൻലാലിനൊപ്പം നായികയാകാൻ വിദ്യാ ബാലന് അവസരം ലഭിച്ചു. ലോഹിത ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് പൂർത്തിയാക്കി. എന്നാൽ, നിർമ്മാണ പ്രശ്‌നങ്ങൾ കാരണം ചിത്രം ആദ്യ ഷെഡ്യൂളിന് ശേഷം ഉപേക്ഷിച്ചു. 'നിർഭാഗ്യവതിയായ നായിക' എന്ന ടാഗ് വിദ്യാ ബാലന് ലഭിച്ചു. കളരി വിക്രമൻ ആയിരുന്നു വിദ്യാ ബാലന്റെ പൂർത്തീകരിച്ച മലയാളം പ്രോജക്ട്, പക്ഷേ അത് റിലീസ് ചെയ്തില്ല.
പിന്നീട്, വിദ്യാ ബാലൻ തന്റെ ശ്രദ്ധ തമിഴ് സിനിമാ മേഖലയിലേക്ക് മാറ്റി. താമസിയാതെ ആർ മാധവന്റെ റൺ ഉൾപ്പെടെയുള്ള ചില ചിത്രങ്ങളിലേക്ക് ഓഫർ വന്നു. പക്ഷേ, അപ്രതീക്ഷിതമായി അവരെ സിനിമയിൽ നിന്ന് ഒഴിവാക്കി. പകരം മീരാ ജാസ്മിൻ നായികയായി.
ബാല എന്ന മറ്റൊരു പ്രോജക്ടിൽ നിന്നും വിദ്യയെ ഒഴിവാക്കി. മനസ്സെല്ലാമിൽ നായികയായി അഭിനയിക്കാൻ അവർ കരാറിൽ ഏർപ്പെട്ടിരുന്നു, എന്നാൽ പിന്നീട് നിർമ്മാതാക്കൾ അവർക്ക് പകരം തൃഷയെ നായികയായി തീരുമാനിച്ചു. എന്നാൽ, തന്റെ കഠിനാധ്വാനം കൊണ്ട് മികച്ച നടിയായും വ്യത്യസ്തമായ കഥാപാത്രങ്ങളായും വിദ്യാ ബാലൻ മാറുന്നതാണ് പിന്നീട് സിനിമാ ലോകം കണ്ടത്.