കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹിഗ്വിറ്റയുടെ പേരിന് വിലക്ക്. ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടാകാത്തതിനാലാണ് നടപടി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം അംഗീകരിക്കാൻ സംവിധായകൻ ഹേമന്ത് ജി നായർ തയാറായില്ല. ഇതോടെയാണ് വിലക്കുമായി മുന്നോട്ട് നീങ്ങുകയാണെെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകനും വ്യക്തമാക്കിയത്.
ഹിഗ്വിറ്റ എന്ന പേര് ചിത്രത്തിന് നൽകാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. എന്നാൽ എഴുത്തുകാരൻ എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി തന്നെ നേരിടുമെന്നും ഹേമന്ത് പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകനുമായാണ് ഫിലിം ചേംബർ ചർച്ച നടത്തിയത്. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചർച്ച.
എൻ.എസ് മാധവന്റെ പരാതി പരിഗണിച്ചായിരുന്നു ചേംബർ പേര് വിലക്കിയത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ചേംബറിന്റെ നടപടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...