വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിൽ ആരോഗ്യമന്ത്രിയുടെ മുൻ സ്റ്റാഫും. മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ ആറിനെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അവിഷിത്ത് വയനാട് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ്. പ്രതി പട്ടികയിൽ നിന്ന് അഴിഷിത്തിനെ ഒഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്തേക്ക് അവിഷിത്ത് വൈകിയാണ് എത്തിയതെന്ന് സിപിഎം നേതാക്കൾ പോലീസിനെ അറിയിച്ചതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്എഫ്ഐ പ്രവർത്തകരെ കൂടി കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ 19 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുൾപ്പെടെയുള്ളവരാണ് ഇന്നലെ പിടിയിലായത്. ഇവരെ കല്‍പ്പറ്റ മുന്‍സിഫ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പരിസ്ഥിതിലോല പ്രശ്നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതും ഓഫീസ് ആക്രമിച്ചതും. എസ്എഫ്ഐയോട് നടപടിക്ക് നിർദേശിച്ചിട്ടുണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സമരം പാർട്ടിയുടെ അറിവോടെയല്ല നടന്നതെന്നാണ് സിപിഎം വിശദീകരണം.
അതേസമയം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ 1, 2 തിയതികളിലാണ് രാഹുലിന്റെ സന്ദര്‍ശനം. വയനാട്ടിൽ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്.
Rahul Gandhi's Office Attack: 'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ'; സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും വിഡി സതീശൻ
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സംഘപരിവാറിന്റെ ക്വട്ടേഷൻ സിപിഎം ഏറ്റെടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിഡി സതീശന്റെ വാക്കുകൾ: ഒരു സംഘം സിപിഎം ഓഫീസിന്റെ മുൻപിൽ നിന്നും മുന്നൂറിലധികം വരുന്ന വിദ്യാർഥികൾ, ഈ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ എത്തിച്ച വിദ്യാർഥികളും യുവജനങ്ങഅളുമായുള്ള ആളുകൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ നിന്ന് പ്രകടനവുമായി വരുന്നു. ഓഫീസിൽ വയ്ക്കാനുള്ള വാഴയുമായിട്ട് വരുന്നു. ഒരു സംഘം ഓഫീസിന്റെ മുന്നിലെ ഷട്ടർ തുറക്കുന്നു. മറ്റൊരു സംഘം ആരോഗ്യ സ്ഥാപനങ്ങൾക്ക് പിന്നിലൂടെ നേരത്തെ കണ്ടുവച്ച വഴിയിലൂടെ ജനലിലൂടെ അകത്ത് കയറി. അകത്ത് കയറിയ സംഘം ഓഫീസ് മുഴുവൻ അടിച്ച് തകർക്കുന്നു. ഫയലുകളെടുത്ത് വലിച്ചെറിയുന്നു. ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി പൊട്ടിക്കുന്നു. കസേരയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും വാഴയും എസ്എഫ്ഐയുടെ കൊടിയും വയ്ക്കുന്നു. ഇവിടെയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ ക്രൂരമായി മർദിച്ചു. 55 മിനിറ്റോളമാണ് അക്രമം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...