മിർപൂർ : ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമയ്ക്കും സംഘത്തിനും തോൽവി. ഒരു വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ തോൽപ്പിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഏകദിനത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് ആദ്യമായിട്ടാണ് തോൽക്കുന്നത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിൽ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ വാലറ്റത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മെഹ്തി ഹസനും മുസ്താഫിസൂർ റഹ്മാനും ചേർന്നാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. ഷക്കീബ് അൽ ഹസന് അഞ്ച് വിക്കറ്റ് നേട്ടം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 186 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ കെ.എൽ രാഹുലിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ 186 റൺസെടുത്തത്. രാഹുൽ 70 പന്തിൽ നാല് സിക്സറുകളും 5 ഫോറിന്റെയും അകമ്പടിയോടെ 73 റൺസെടുത്തു. നാലിന് 152 എന്ന നിലയിൽ നിൽക്കെ ഇന്ത്യയുടെ നാല് വിക്കറ്റനാണ് അടുത്ത നാല് റൺസിനിടെ ബംഗ്ലാദേശിന്റെ ബോളർമാർ വീഴ്ത്തിയത്. ആതിഥേയർക്കായി ഷക്കീബ് അൽ ഹസനെ കൂടാതെ എബാഡോട്ട് ഹൊസ്സൈൻ നാല് വിക്കറ്റുകൾ സ്വന്തമാക്കി. മെഹ്ദി ഹസനാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
ALSO READ : Ricky Ponting : കമന്ററിയ്ക്കിടെ ഹൃദയാഘാതം? റിക്കി പോണ്ടിങ് ആശുപത്രിയിൽ; സംഭവം പെർത്ത് ടെസ്റ്റിനിടെ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് തകർച്ചയോടെയാണ് തുടക്കം. കൂടാതെ ഓരോ ഇടവേളകളിലായി ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ക്യാപ്റ്റനും ഓപ്പണറുമായി ലിട്ടൺ ദാസാണ് ബ്ലംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. 128ന് ആറ് എന്ന നിലയിൽ ബംഗ്ലാദേശ് തോൽവിയിലേക്ക് കൂപ്പുകുത്തുമ്പോഴാണ് മെഹ്ദി ഹസ്സൻ ക്രീസിലെത്തുന്നത്.
ആതിഥേയരുടെ സ്കോർ ബോർഡ് 136ൽ എത്തിയപ്പോഴേക്കും ഒമ്പതാമത്തെ വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. തുടർന്ന് പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ മുസ്തഫിസൂർ റഹ്മാനോടൊപ്പം ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ടുയർത്തി മെഹ്ദി ഹസ്സൻ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. കുൽദീപ് സെനും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റുകൾ വീതം നേടി. ദീപക് ചഹറും ഷാർദുൽ താക്കൂറുമാണ് ബാക്കി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ബംഗ്ലാദേശ് മുന്നിലെത്തി. ഡിസംബർ ഏഴിന് മിർപൂരിൽ വെച്ച് തന്നെയാണ് രണ്ടാമത്തെ ഏകദിനവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...