തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിക്കും. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാരായിമുട്ടം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബാങ്ക് മാനേജർ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഫോൺ രേഖകൾ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ് നീങ്ങുമെന്നാണ് സൂചന.
രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥൻ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.
ജപ്തി നടപടികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ല കളക്ടർ നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് റവന്യൂ മന്ത്രി നൽകുന്ന സൂചന.
അതേസമയം, ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ മാത്രമേ മൃതദേഹം നാട്ടിൽ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകരയിലും മാരായിമുട്ടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടി വൈകിയാൽ നെയ്യാറ്റിൻകരയിൽ പ്രതിഷേധം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ബാങ്കിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് തന്‍റെ മകൾ വൈഷ്ണവി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രൻ പറഞ്ഞു. വായ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങിയിരുന്നു. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചുവെന്നും ചന്ദ്രൻ പറഞ്ഞു.
വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണിൽ ഇതിന്‍റെ തെളിവുണ്ടെന്നും ചന്ദ്രൻ വെളിപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്നും ചന്ദ്രന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് അമ്മയെയും മകളെയും ആത്മഹത്യയിലേയ്ക്ക് നയിച്ചത്.
നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്നും വീട് പണിയാനായി 15 വര്‍ഷം മുന്‍പ് 5 ലക്ഷം രൂപ ഇവര്‍ വായ്പയെടുത്തിരുന്നു.
ശേഷം 8 ലക്ഷം രൂപ കുടുംബം തിരിച്ചടച്ചു. ബാക്കി നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജപ്തി നോട്ടീസ്.