പൊതുവേ സ്ത്രീ-പുരുഷ ഭേദമന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്.
അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ഉറക്ക രീതികൾ, മറ്റ് പല ഘടകങ്ങളും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. ഈ സാഹചര്യത്തിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ച് അറിയാം...
ശരീരഭാരം കുറയ്ക്കാനുള്ള കഴിവ് നാരങ്ങ വെള്ളത്തിനുണ്ട്. നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുവഴി കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. വെറും വയറ്റിൽ ദിനവും ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദം.
ജീരകത്തിൽ കലോറി വളരെ കുറവാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ഗുണങ്ങൾ ഏറെയും. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാകും.
പെരുംജീരകത്തിൽ ആന്റി ഓക്സിഡൻറുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും. ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.
കറുവാപ്പട്ടയ്‌ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.