ഥാർ ആരാധകർ ഏറെ കാത്തിരുന്ന അഞ്ച് ഡോർ മോഡൽ ഥാർ റോക്സ് വിപണിയിലെത്തി. പെട്രോൾ വേരിയൻ്റിന് 12.99 ലക്ഷം മുതലും ഡീസൽ വേരിയൻ്റിന് 13.99 ലക്ഷം മുതലുമാണ് റോക്സിൻ്റെ വില ആരംഭിക്കുന്നത്.
2.2 ലിറ്റർ mHawk ജെൻ 2 ഡീസൽ എഞ്ചിനാണ് റോക്സിന് കരുത്ത് പകരുന്നത്. 150എച്ച്പി മുതൽ 172എച്ച്പി കരുത്തും 330എൻഎം മുതൽ 380എൻഎം വരെ പരമാവധി ടോർക്കും റോക്സിൻ്റെ ഡീസൽ എഞ്ചിൻ പുറത്തെടുക്കുന്നു.
പെട്രോൾ വേരിയൻ്റിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. 160എച്ച്പി മുതൽ 175എച്ച്പി കരുത്തും 330എൻഎം മുതൽ 380എൻഎം വരെ പരമാവധി ടോർക്കും റോക്സിൻ്റെ പെട്രോൾ എഞ്ചിൻ പുറത്തെടുക്കുന്നു.
വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ, എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപ്, 360 ഡിഗ്രീ ക്യാമറ, പുഷ് ബട്ടൻ സ്റ്റാർട്ട്, റിയർ എസി വെൻ്റുകൾ, പനോരമിക് സൺറൂഫ്, ഓട്ടാമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളാൽ നിറച്ചാണ് ഥാർ റോക്സ് വിപണിയിലെത്തിയിരിക്കുന്നത്.
ബേസ് വേരിയൻ്റിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, റിയർ എസി വെൻ്റുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ തുടങ്ങിയവ ലഭിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും റോക്സ് പിന്നിലല്ല. എല്ലാ വേരിയൻ്റിലും ആറ് എയർബാഗുകൾ വാഹനം നൽകുന്നു. ഇഎസ്പി, ഹിൽ ഹോൾഡ് & ഡിസൻ്റ് കണ്ട്രോൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങിയവയും ഉണ്ട്. ടോപ്പ് വേരിയൻ്റിൽ അഡാസ് ലെവൽ 2 ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
റോക്സിൻ്റെ രണ്ടാം നിരയിൽ ബെഞ്ച് സീറ്റാണ് നൽകിയിരിക്കുന്നത്. വാഹനത്തിൻ്റെ വലിപ്പം വർധിച്ചതോടെ 3 ഡോർ ഥാറിനെക്കാൾ ബൂട്ട് സ്പേസും താർ റോക്സിന് ലഭിക്കുന്നുണ്ട്.