പൈനാപ്പിൾ കഴിച്ചോളൂ, ആരോഗ്യത്തിന് ഉത്തമം
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ?
നമ്മുടെ വീടുകളിലെ പറമ്പുകളിലാണെങ്കിലും വിപണികളിലാണെങ്കിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. രുചിക്കുപരി നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു രുചികരമായ പഴമാണിത്.
നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
ദഹന ഗുണങ്ങള്‍ നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതടക്കമുള്ള നിരവധി ഗുണങ്ങളാണ് പൈനാപ്പിളിലിൽ ഒളിഞ്ഞിരിക്കുന്നത്.
പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാം...
പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് പ്രധാനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മലവിസര്‍ജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാനും പൈനാപ്പിളിലെ നാരുകള്‍ സഹായിക്കും.
ഇതുകൂടാതെ പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കും. ഇത് ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. ഇത് സന്ധിവാതം, പരിക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
ആന്റിഓക്സിഡന്റുകള്‍ വിട്ടുമാറാത്ത രോഗങ്ങള്‍ തടയുന്നതിന് സഹായിക്കും. പൈനാപ്പിളില്‍ കലോറി കുറവാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ അടിപൊളി ഓപ്ഷനാണ്. പൈനാപ്പിളിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. പൈനാപ്പിളില്‍ മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മത്തിന് ആവശ്യമായ കൊളാജന്‍ ഉല്‍പാദനത്തില്‍ പൈനാപ്പിളിലെ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പൈനാപ്പിളിലെ വിറ്റാമിന്‍ എ നല്ല കാഴ്ചയ്ക്കും പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങള്‍ തടയുന്നതിനും പ്രധാനമാണ്.
വര്‍ക്ക് ഔട്ടിന് ശേഷം കഴിക്കുന്ന സ്മൂത്തികളില്‍ പൈനാപ്പിള്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും.