ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം അല്ലെ? അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകളൊക്കെ വെറും വയറ്റിൽ കുതിർത്ത മുന്തിരി കഴിക്കാറുണ്ട്.
തടി കുറയാൻ ഇത് സഹായകമാണ്. ഏത് മുന്തിരിയാണ് നിങ്ങൾ കുതിർത്ത് കഴിക്കാറുള്ളത്. ഉണങ്ങിയ കറുത്ത മുന്തിരിയാണോ? എങ്കിൽ ബെസ്റ്റാ...
ഇന്നു മുതൽ കറുത്തമുന്തിരി ഉണക്കിയത് കുതർത്ത് കഴിച്ച് നോക്കൂ. കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്തതിന് ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇത് പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്), വിറ്റാമിനുകൾ (അസ്കോർബിക് ആസിഡ്, റൈബോഫ്ലേവിൻ, തയാമിൻ, പിറിഡോക്സിൻ), ഭക്ഷണ നാരുകൾ, ധാതുക്കൾ (സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
കറുത്ത ഉണക്ക മുന്തിരിയിൽ ഫ്ലേവനോയ്ഡുകൾ, റെസ്‌വെറാട്രോൾ, എപ്പികാടെച്ചിൻസ്, ഫൈറ്റോ ഈസ്ട്രജൻ, ഹൈഡ്രോക്‌സി സിനാമിക് ആസിഡുകൾ തുടങ്ങിയ വിവിധ തരം ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്.
കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സ്വാഭാവിക ദ്രാവകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് മലബന്ധം ഇല്ലാതാക്കും. ഇതിലെ നാരുകൾ ശരീരത്തിലെ ദോഷകരമായ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. വൻകുടലിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ വിറ്റാമിൻ ബി കോംപ്ക്സ് കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാൽ വിളർച്ച ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
കറുത്ത മുന്തിരിയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തും. കറുത്ത ഉണക്കമുന്തിരിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ വളർച്ച വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.
ഉണക്ക മുന്തിരിയിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തിളങ്ങുന്ന ചർമ്മത്തിനും കട്ടിയുള്ള മുടിക്കും നല്ലതാണ്. പൊട്ടാസ്യത്തിന്റെ ഉറവിടമാണിത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ അവസ്ഥകളെ തടയാനും ഇവ സഹായിക്കും. കറുത്ത ഉണക്ക മുന്തിരി ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.