നരകാസുരനെ ഭഗവാൻ ശ്രീ മഹാവിഷ്ണു നിഗ്രഹിച്ച ദിവസമാണ് എന്നാണ് ആത്മീയപരമായി ദീപാവലിയെ കുറിച്ചുള്ള വിശ്വാസം. മഹാവിഷ്ണു തന്റെ പത്‌നിയോടൊപ്പമാണ് നരകാസുരനെ വധിച്ചത്.
ഭൂമി ദേവിയുടെ പുത്രനാണെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന അസുരനായിരുന്നു നരകാസുരൻ.ഭഗവാനില്‍ നിന്നുള്ള നാരായണാസ്ത്രം ലഭിച്ച നരകാസുരൻ ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും ദേവന്മാരെ ഇല്ലായ്മ ചെയ്യാനും തുടങ്ങി.
ഒരു ദിവസം സ്വന്തം ശക്തിയില്‍ അഹങ്കാരിയായ നരകാസുരൻ ദേവേന്ദ്രന്റെ താമസ സ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു.
ഭയന്ന ഇന്ദ്ര എന്തു ചെയ്യണമെന്നറിയാതെ മഹാവിഷ്ണുവിന്റെ അടുത്തെത്തി. വിഷ്ണു മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അര്‍ദ്ധരാത്രിയോടെ നരകാസുരനെ വധിച്ചു. പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധിയും വരുത്തി.
നരകാസുരനെ വധിച്ച ദിവസം ദേവന്മാര്‍ ദീപങ്ങളോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകത്ത് ആഘോഷമാക്കി. ആ ദിനത്തിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും പ്രതീകമായാണ് ദീപാവലിയെ കണക്കാക്കുന്നത്.
മധുരം പങ്കുവെച്ചാണ് ആളുകൾ ദീപാവലി ആഘോഷിക്കുന്നത്.