Mahashivratri 2025: ലോകമെമ്പാടുമുളള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കുകയാണ്
ജീവിതത്തിൽ ശിവപ്രീതി പ്രാപ്തമാക്കുന്നതിനായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്രതമാണ് ശിവരാത്രി വ്രതം. വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഈ വ്രതം സകല പാപങ്ങളെയും ഇല്ലാതാക്കി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട ഈ വ്രതം മഹാവ്രതം എന്നും അറിയപ്പെടുന്നു.
ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂർണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിനം ദമ്പതികള്‍ ഒന്നിച്ച് വ്രതമെടുത്താല്‍ ഇരട്ടി ഫലമെന്നാണ് മറ്റൊരു വിശ്വാസം.
പാലാഴി മഥനവേളയിൽ ഉത്ഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി ശിവൻ പാനം ചെയ്തു. വിഷം ശിവന് ഹാനികരമാകാതിരിക്കാൻ പാർവ്വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചു. വിഷം വായിൽ നിന്നും പുറത്തു വരാതിരിക്കാൻ വിഷ്ണു ഭഗവാൻ ശിവന്റെ വായ പൊത്തിപ്പിടിച്ചു. ഇങ്ങനെ വിഷം കണ്ഠത്തിൽ തന്നെ ഉറഞ്ഞു പോവുകയും ശിവന് നീലകണ്ഠൻ എന്ന നാമം ലഭിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതി ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്ന് പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് ഐതിഹ്യം.
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.
ശിവരാത്രി ദിനത്തിൽ പൂർണ്ണ ഉപവാസമാണ് ഉത്തമം. സാധിക്കാത്തവർക്ക് ക്ഷേത്രത്തിലെ നേദ്യമോ കരിക്കിൻ വെള്ളമോ പഴമോ കഴിക്കാം. ആരോഗ്യസ്ഥിതി അനുസരിച്ച് ആഹാരം ഉപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഒരിക്കലോടെ വ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാൽ അമിതമായി ഭക്ഷണം കഴിക്കരുത്.
ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്ന് നേദിച്ച വെള്ള നിവേദ്യം കഴിച്ചും വ്രതം തുടരാം. ശിവരാത്രി ദിനത്തിൽ അന്നദാനം നൽകുന്നത് ഭഗവാന്റെ പ്രീതി നേടാൻ വളരെ നല്ലതാണ്. രാത്രി മുഴുവൻ ഉറങ്ങാതകെ വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണയാകാം. അന്ന് പകൽ ഉറങ്ങരുത്.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.