തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാധ്യതയെന്ന് റൂറൽ എസ്പി കെഎസ് സുദർശൻ. പ്രതി അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയാണ് കടബാധ്യത. നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. എന്നാൽ, തിരിച്ച് കൊടുക്കാൻ സാധിക്കാത്ത അവസ്ഥ വന്നതോടെയാണ് കൂട്ടക്കൊലപാതകം നടത്തിയത്. കൊലപാതകം നടത്തിയത് തിങ്കളാഴ്ചയാണ്. ഈ ദിവസം തിരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും എസ്പി വ്യക്തമാക്കി.
'കൂട്ടക്കൊലപാതകം നടത്തുന്നതിനിടെ കൈക്കലാക്കിയ സ്വർണമാല ധനകാര്യ സ്ഥാപനത്തിൽ വിറ്റു. ഇതിലൂടെ ലഭിച്ച തുകയിൽ നിന്ന് 40,000 രൂപ കടം കൊടുത്തയാൾക്ക് അക്കൗണ്ട് വഴി തിരികെ നൽകി. സാമ്പത്തിക പ്രതിസന്ധിയാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്. 65 ലക്ഷം രൂപ എങ്ങനെ കടം വന്നു എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്. ഒരു കടം തീർക്കാൻ മറ്റൊരാളിൽ നിന്ന് കടം വാങ്ങി നൽകി റോൾ ചെയ്ത് പോകുന്നതായിരുന്നു രീതി. പലരിൽ നിന്നായി ഇത്തരത്തിൽ റോളിങ് രീതിയിൽ പണം വാങ്ങി. എന്നാൽ ഒടുവിൽ കടങ്ങൾ തീർക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തി. ബന്ധുക്കളിലും നിന്നും നാട്ടുകാരിൽ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. കുറിയുമായി ബന്ധപ്പെട്ടും കുറേ പണം വാങ്ങിയിട്ടുണ്ട്-' എസ്പി സുദർശൻ പറഞ്ഞു.
ALSO READ: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു; മൊഴി ഇന്ന് രേഖപ്പെടുത്തും
'അത്യപൂർവ പെരുമാറ്റമാണ് പ്രതിയുടേത്. സ്വഭാവത്തെക്കുറിച്ച് പരിശോധിക്കും. കൊലപാതകങ്ങൾ നടത്തുന്നതിനിടയിലും പ്രതി നോർമലായി പെരുമാറി. കൊലകൾ നടത്തുന്നതിനിടെ സ്വർണമാല വിറ്റ് കടം നൽകിയവർക്കുള്ള പണം തിരിച്ച് അക്കൗണ്ടിൽ ഇട്ടുനൽകി. ബാറിൽ കയറി മദ്യപിച്ചു. ഈ മാനസികാവസ്ഥയെ കുറിച്ച് വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കു' മെന്നും എസ്പി സുദർശൻ പറഞ്ഞു.
'അഫാന്റെ പിതാവ് നാട്ടിൽ വന്നിട്ട് അഞ്ച് വർഷമായി. നാട്ടിൽ വന്നാൽ മാത്രമേ പിതാവിന്റെ മൊഴി രേഖപ്പെടുത്താൻ സാധിക്കൂ. അഞ്ച് വർഷമായി നാട്ടിൽ വരാത്തതിനാൽ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി മൊബൈൽ ഫോൺ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ലഹരി ഉപയോഗിച്ചതായി സൂചനയില്ല. കുടുംബം കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്'- എസ്പി വ്യക്തമാക്കി.
അതേസമയം, പാങ്ങോട് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൽമാ ബീവിയുടെ കൊലപാതത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് രക്തപരിശോധനാ ഫലത്തിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ രക്ത പരിശോധന ഫലത്തിലാണ് കണ്ടത്തൽ. മദ്യം അല്ലാതെ മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിഷം കഴിക്കാൻ വേണ്ടി മദ്യം വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ തുടരുകയാണ്. അഫാനെ നിരീക്ഷിക്കുന്നത് തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.