തിരുവനന്തപുരം: സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാമെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തീരദേശത്ത് അവയവ മാഫിയ പിടിമുറുക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോട്ടുകാൽ സ്വദേശി അനീഷ് മണിയൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Also Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
വാടക വീടുകളിൽ കഴിയുന്ന കടബാധ്യതയുള്ള കുടുംബങ്ങളെയാണ് അവയവ മാഫിയ സമീപിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. എറണാകുളത്തെയും തൃശൂരിലെയും സ്വകാര്യാശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അവയവ ഏജന്റുമാർ വനിതകളുടെ സഹായത്തോടെ തീരദേശത്തെ സ്ത്രീകളെ പാട്ടിലാക്കുന്നത്.
ഏജന്റിന്റെ സഹായിയായ സ്ത്രീ കമ്മീഷനും ഈടാക്കാറുണ്ട്.അവയവ മാഫിയ ഏജന്റുമാർക്ക് അശുപത്രികളിൽ നിന്ന് സഹായം ലഭിക്കുന്നതായി പരാതിയിൽ പറയുന്നു. ആശുപത്രികൾക്ക് സമീപത്തെ കടകൾ കേന്ദ്രീകരിച്ചാണ് ഏജന്റുമാർ പ്രവർത്തിക്കുന്നത്. അവയവദാന അംഗീകാര കമ്മിറ്റിക്ക് മുമ്പാകെ അവയവം നൽകുന്ന വ്യക്തികളെ എത്തിക്കുമ്പോൾ പെരുമാറേണ്ടത് എങ്ങനെയാണെന്ന് ഏജന്റുമാർ പഠിപ്പിക്കും.
കോട്ടപ്പുറം മേഖലയിൽ 6 സ്ത്രീകൾ വൃക്ക വിറ്റതായി പറയുന്നു. വിഴിഞ്ഞത്തു മാത്രം പത്തിലേറെ പേർ വൃക്ക വിറ്റതായി അറിയുന്നു. പുരുഷൻമാരും വൃക്ക വിറ്റിട്ടുണ്ട്. എറണാകുളത്തു മാത്രം അമ്പതോളം അവയവ മാഫിയ ഏജന്റുമാർ ഉള്ളതായാണ് വിവരം. വൃക്ക വിൽപ്പനയിൽ നിന്നും പിൻമാറിയ യുവതിയെ ചിരവ കൊണ്ട് ഭർത്താവ് മർദ്ദിച്ചതും കഴിഞ്ഞ ദിവസമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...