ഒറ്റ ദിവസം മൂന്നിടങ്ങളിലായി കൂട്ടക്കൊലപാതകം. തലസ്ഥാനത്തെ കൊടുംക്രൂരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളം. ഒന്നിനുപിറകെ ഒന്നായി വരുന്ന കൂട്ടക്കൊലപാതകങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
ഈ വർഷം തുടങ്ങി വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ കേരളം കണ്ടത് രണ്ട് കൂട്ടക്കൊലപാതകങ്ങളാണ്. നെന്മാറ, ചേന്ദമംഗലം, കൂടത്തായി...തുടങ്ങി കേരളത്തെ നടുക്കിയ കൂട്ടകുരുതികൾ നിരവധിയാണ്.
നെന്മാറ ഇരട്ടക്കൊലപാതകം
നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണിപ്പോഴും കേരളം. ഒരു കുടുംബത്തിലെ മൂന്ന് ജീവനുകളാണ് ചെന്താമര എടുത്തത്. പോത്തുണ്ടി തിരുത്തമ്പാടം ബായൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഈ കൊലപാതകങ്ങൾ. തന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
ചേന്ദമംഗലം കൊലപാതകം
എറണാകുളം ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതിമാരെയും മകളെയും വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചുകൊന്നത് കഴിഞ്ഞ മാസമാണ്. പേരേപ്പാടം കാട്ടിപ്പറമ്പിൽവീട്ടിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. പേരേപ്പാടം സ്വദേശി ഋതുവാണ് പ്രതി. അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നങ്ങളായിരുന്നു കൊലയ്ക്ക് കാരണം.
തൊടുപുഴ
2022-ൽ കേരളത്തെ ഞെട്ടിച്ച് തൊടുപുഴയിൽ കൂട്ടക്കൊല നടന്നു. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റിൻ, അസ്‌ന എന്നിവരായിരുന്നു മരിച്ചത്. ഫൈസലിന്റെ പിതാവ് ഹമീദ് മക്കാറായിരുന്നു പ്രതി. സ്വത്തിന്റെ പേരിൽ മകനുമായുണ്ടായ വഴക്കാണ് കാരണം. ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിടുകയായിരുന്നു.
പിണറായി കൂട്ടക്കൊല
2012 സെപ്റ്റംബർ 9-ന് പിണറായി പടന്നക്കര മണ്ണത്താൻ വീട്ടിൽ ഒന്നര വയസ്സുകാരി കീർത്തനയുടെ മരണം കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു. വിഷം ഉള്ളിൽച്ചെന്നായിരുന്നു കുഞ്ഞിന്റെ മരണം. പിന്നീട് ആറു വർഷങ്ങൾക്കുശേഷം സഹോദരി ഐശ്വര്യ കിഷോർ ഛർദിയെത്തുടർന്ന് മരിച്ചു. 43 ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ അമ്മൂമ്മ കമലയും സമാനരീതിയിൽ മരിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് കുഞ്ഞികൃഷ്ണനും. ഒടുവിൽ അവശേഷിച്ച സൗമ്യ പ്രതിയാണെന്ന് കണ്ടെത്തി. കണ്ണൂർ വനിതാ ജയിലിലായ സൗമ്യ പിന്നീട് ആത്മഹത്യചെയ്യുകയായിരുന്നു.
നന്തൻകോട്ടെ കൊലപാതകം
‘ആസ്ട്രൽ പ്രൊജക്ഷൻ’ എന്ന സാത്താൻസേവയുടെ പേരിൽ കേഡൽ ജിൻസൺ കൊന്നൊടുക്കിയത് മാതാപിതാക്കൾ, സഹോദരി, ബന്ധു എന്നിങ്ങനെ നാലുപേരെയാണ്. 2017 ഏപ്രിൽ 9-ന് ക്ലിഫ്ഹൗസിനു സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പദ്‌മ, അച്ഛൻ പ്രൊഫ. രാജ്തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. ആത്മാവിനെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് കേഡൽ അവകാശപ്പെട്ടത്.
കൂടത്തായി കൂട്ടക്കൊല
സ്വത്ത് തട്ടിയെടുക്കാനായി ജോളി ജോസഫ് എന്ന യുവതി നടത്തിയ കൊടുംക്രൂരത. 2002 മുതൽ 2016 വരെ, 14 വർഷത്തിനുള്ളിൽ ഒരു കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊന്നത്. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്കറിയയുടെ ഭാര്യ സിലി എന്നിവരാണ് മരിച്ചത്. സയനൈഡ് നൽകിയായിരുന്നു കൊലപാതകം.
ആലുവ കൂട്ടക്കൊല
2001 ജനുവരി ആറിനാണ് ആലുവയിലെ മഞ്ഞൂരാൻ വീട്ടിലെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടത്. അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജെമോൻ, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരുടെ കൊലപാതകത്തിലെ പ്രതി, ഇവരുടെ ബന്ധുവും വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയായിരുന്നു. വിദേശത്തേക്കു ജോലിക്കുപോകാൻ പണംആവശ്യപ്പെട്ടിട്ട് കൊച്ചുറാണി നൽകാത്തതിനെ തുടർന്നായിരുന്നു കൊലപാതകം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.